⚽ തൃശൂർ മാജിക്കിന്റെ അഭിമാനം; കമാലുദ്ദീൻ എ കെ ഇന്ത്യൻ അണ്ടർ 23 സാധ്യത ടീമിൽ!

 


തൃശൂർ: കാൽപന്തുകളിയുടെ ആരവം വാനോളം ഉയർത്തി സൂപ്പർ ലീഗ് കേരള (SLK) സീസൺ 2-ൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന തൃശ്ശൂർ മാജിക് എഫ്‌സിയുടെ യുവ ഗോൾകീപ്പർ കമാലുദ്ദീൻ എ കെ ദേശീയ ശ്രദ്ധയിലേക്ക്. കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തിന് മാറ്റുകൂട്ടി, ഇന്ത്യൻ അണ്ടർ 23 (U-23) സാധ്യത ടീമിൽ ഈ താരം ഇടം നേടി.

നവംബർ 15-ന് തായ്‌ലൻഡിനെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിനുള്ള 25 അംഗ ഇന്ത്യൻ സാധ്യതാ ടീമിലേക്കാണ് തൃശൂർ മാജിക്കിന്റെ വല കാക്കുന്ന കമാലുദ്ദീനെ തിരഞ്ഞെടുത്തത്. സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്‌സി പോയിന്റ് പട്ടികയിൽ മുന്നേറ്റം നടത്തുന്നതിൽ നിർണായകമായത് കമാലുദ്ദീന്റെ പ്രകടനമാണ്.

പ്രതിഭ തെളിയിച്ച് 'മാജിക്' ഗോൾകീപ്പർ

സൂപ്പർ ലീഗ് കേരളയിലെ ഓരോ മത്സരത്തിലും മികച്ച പ്രകടനമാണ് കമാലുദ്ദീൻ കാഴ്ചവെച്ചത്. കണ്ണൂർ വാരിയേഴ്‌സുമായുള്ള അവസാന മത്സരത്തിൽ എതിരാളികളുടെ ശക്തമായ ഷോട്ടുകൾ ഡൈവ് ചെയ്ത് രക്ഷിച്ച കമാലുദ്ദീന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൃശൂരിന്റെ പോയിന്റ് നേട്ടങ്ങളിൽ ഈ 'തൃശ്ശൂർ മാജിക്' ഗോൾകീപ്പർ വഹിച്ച പങ്ക് വളരെ വലുതാണ്.

മുൻപ് ഈസ്റ്റ് ബംഗാൾ റിസർവ്സ് ടീമിന്റെയും എഫ് സി കേരളയുടെയും ഭാഗമായിരുന്ന 

കമാലുദ്ദീൻ, പ്രധാന ടൂർണമെന്റുകളിലൂടെയാണ് തന്റെ പ്രതിഭ തെളിയിച്ചത്. സൂപ്പർ ലീഗ് കേരളയുടെ വേദി ഉപയോഗിച്ച് ദേശീയ ശ്രദ്ധ നേടാൻ സാധിച്ചതിൽ താരം അതിയായ സന്തോഷം പ്രകടിപ്പിച്ചു.

“ദേശീയ ടീമിന്റെ സാധ്യത പട്ടികയിൽ ഇടംനേടിയതിൽ ഏറെ സന്തോഷമുണ്ട്. ഇന്ത്യക്കായി ബൂട്ടുകെട്ടുക എന്നുള്ളതാണ് എക്കാലത്തെയും സ്വപ്നം. സൂപ്പർ ലീഗ് കേരളയിലൂടെ, ഞാൻ ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് ദേശീയ ശ്രദ്ധ നേടാൻ സാധിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളിലും തൃശൂരിനായി മികച്ച പ്രകടനം പുറത്തെടുക്കുക എന്നുതന്നെയാണ് ലക്ഷ്യം." - കമാലുദ്ദീൻ എ കെ പ്രതികരിച്ചു.

ദേശീയ ടീമിന്റെ സാധ്യത പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ കമാലുദ്ദീൻ, തൃശൂർ മാജിക് എഫ്‌സിക്കും സ്വന്തം നാടായ അക്കിക്കാവിലെ കായിക പ്രേമികൾക്കും സൂപ്പർ ലീഗ് കേരളയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ നേട്ടം കേരളത്തിലെ യുവ ഫുട്ബോൾ താരങ്ങൾക്ക് വലിയ പ്രചോദനമാകും.



Post a Comment

0 Comments